Total Pageviews

Sunday, November 12, 2006

മഴ തുറന്നത്‌

മഴ തുറന്നത്‌
വേനല്‍ കുറ്റികളും
കൊളുത്തുകളുമിട്ടടച്ചു

കിളികളെല്ലാം
അമ്മവീടുകളിലെ
മാമ്പഴകൊട്ടകളിലേക്ക്‌
പറന്നു പോയപ്പോള്‍
ഊര്‍ന്നു വീണ
തൂവലുകളിലൊന്ന്
എന്റെ മനസ്സിലേക്കാണ്‌

ഹൗ.......
എന്തൊരു മഴയായിരുന്നു.
ഒരു കിളിത്തൂവലതാ
തെളിഞ്ഞുകിടക്കുന്നു.

ഓ.....
എടുത്തപ്പോഴെക്കും
അത്‌ പൊടിഞ്ഞേപ്പോയ്‌

Tuesday, September 26, 2006

ചോണനുറുമ്പ്

ഞാനൊരു ചോണനുറുമ്പ്‌
-----------------------
ആകാശത്ത്‌ നിന്നൊരു
നൂല്‌
തറ്റത്തൊരു പുഴു
താഴത്തൊരു തുമ്പ

കാറ്റിലാടിയാടി
നൂലിലൂടൂര്‍ന്നൂര്‍ന്ന്
തുമ്പക്കൊരു മുത്തം

അയ്യേ.........
ഞാന്‍ കണ്ടില്ലേ....
മിണ്ടില്ലേ.......

കണ
്ടത്‌ മിണ്ടല്ലേ
കണ്ടാമണ്ടികരിങ്ങോടാ
.........................
നൂലെവിടെ?
കാറ്റത്‌ കൊണ്ടോടി

കൊണ്ടുകൊടുത്തത്‌
ചെമ്പരത്തിക്ക്‌
നാണം കോരി
പൂവൊന്ന് കുനിഞ്ഞേ
പിന്നയതോര്‍ത്ത്‌
ഇലകളാര്‍ത്ത്‌ ചിരിച്ചേ
അയ്യേ.........
ഞാന്‍ കണ്ടില്ലേ....
മിണ്ടില്ലേ.......
കണ്ടത്‌ മിണ്ടല്ലേ
കണ്ടാമണ്ടികരിങ്ങോടാ
--------------------
അയ്യേ ഞാന്‍ പുവ്വാണേ
-------------------
ഞാനൊരു ചോണനുറുമ്പ്‌
കട്ടുറുമ്പല്ലേയല്ല
-----------------

Wednesday, August 30, 2006

കരകള്‍ക്കിടയിലെ
കടലാണ്‌ പ്രണയം

കരയിലെ കണ്ണീരെല്ലാം
പുഴയായി
കടലിലേക്കാണ്‌

കണ്ണീരിന്റെ രുചിയാണ്‌
കടലിന്റെ ഉപ്പ്‌
----------------------

കരകള്‍ക്കിടയിലെ
വിടവല്ല കടല്‍
കടല്‍
കരയുടെ തുടര്‍ച്ചയാണ്‌

--------------------------

കര കടത്തിയ
ഓര്‍മ്മകളെല്ലാം
തിരകളായി
തിരിച്ചു വരും
--------------------------

പറയാതെ പോയ
വാക്കുകള്‍
മനസ്സിലൊളിപ്പിച്ച
നോട്ടം

അജ്ഞാതമായ വന്‍ കരകള്‍
നാവികാ
നിന്നെ കാത്തിരിക്കുന്നു
--------------------------

Thursday, August 24, 2006

കുളിരലകള്‍ ഞൊറിഞ്ഞ പാവാടയണിഞ്ഞ
മഴക്കൊപ്പം
നൃത്തം ചെയ്താണ്‌
നീയെത്തിയത്‌

Monday, August 21, 2006

പ്രണയം

നേരിന്റെ സൂര്യമുഖം തട്ടുമ്പോള്‍
പെറാതെ മരിച്ചുപോകുന്ന
ഒരു മയില്‍പ്പീലി തുണ്ടായിരിക്കാം
എന്റെ പ്രണയം
പക്ഷെ ഓമനേ
എനിക്ക്‌ എന്റെ പ്രണയം
എന്റെ പ്രണയമാണ്‌

Sunday, August 20, 2006

എന്റെ പ്രണയം
എന്റെ പ്രണയമാകുന്നു
കാണാതെ പോയ ഒരമ്മമ്മയുടെ

അറിയാതെ പോയ വാത്സല്യത്തിന്റെ
നേര്യതണിഞ്ഞുപൂക്കുന്ന
നന്ത്യാര്‍വട്ട പൂവുകളുണ്ട്‌

ശിഖര സഞ്ചയങ്ങളിലെമ്പാടും
വസന്തമാഘോഷിച്ചു നില്‍ക്കുന്ന
അരളിമരങ്ങളുമുണ്ട്‌

നിനക്ക്‌
ഒരു
നന്ത്യാര്‍വട്ട പൂവാകാമൊ
ഞാന്‍
ഒരു
അരളിമരമാകാം

ഞാന്‍ ഒരു സൂര്യനോ
നീ എന്നെ നിയതമായ ഭ്രമണപഥങ്ങളില്‍
വലം വെക്കുന്ന ഭൂമിയൊ അല്ല

മറിച്ച്‌
നമ്മുടെ പ്രണയം
മേലാപ്പ്‌ കിനിഞ്ഞിറങ്ങുന്ന മഴയും
മേല്‍ക്കൂര പൊളിച്ച്‌ പൂക്കുന്ന പൂമരവുമാണ്‌